5 അവാർഡുകളിലൂടെ ചരിത്രം സൃഷ്ടിച്ച് സ്കയർ ക്രോ
5 അവാർഡുകളിലൂടെ ചരിത്രം സൃഷ്ടിച്ച് സ്കയർ ക്രോ
കാസർകോട് –
മാക് ഫ്രെയിം ഫിലിം ഗ്രൂപ്പ് സംഘടിപ്പിച്ച ദക്ഷിണേന്ത്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ 5 ബഹുമതികൾ കരസ്ഥമാക്കിക്കൊണ്ട് സ്കെയർ ക്രോ പുതിയ ചരിത്രം രചിക്കുകയാണ്. സാംക്രമിക രോഗകാലത്തെ നീണ്ടു പോകുന്ന അടച്ചിരിപ്പ് കാർഷിക മേഖലയേയും കൃഷിക്കാരന്റെ ജീവിതത്തെയും എങ്ങനെ എത്രത്തോളം നിസ്സഹായമാക്കുന്നു എന്നതിന്റെ ഹൃദയ സ്പർശിയായ ആവിഷ്കാരമാണ് സ്കെയർ ക്രോ . ഗൾഫിൽ നിന്ന് വന്ന അയൽക്കാരന്റെ മദ്യ സൽക്കാരത്തിൽ അൽപ നേരം പങ്കെടുത്തു എന്നതിന്റെ പേരിൽ നാട്ടിലും വീട്ടിലും കോവി ഡ് രോഗിയായി തെറ്റിദ്ധരിക്കുകയാണ് ആ കൃഷിക്കാരനെ എല്ലാവരും . ഇല്ലാത്ത രോഗം പകരുമെന്നും പറഞ്ഞ് ഭാര്യ മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയി. ആലയും കാലിയും പറമ്പും വയലും ശ്രദ്ധിക്കാൻ കഴിയാതെ ആഴ്ച്ചകൾ നീണ്ട ക്വാറൻന്റയിനിൽ അയാളുടെ കൃഷിയെല്ലാം നശിക്കുകയാണ്. കറവപ്പശുവിനെ ഇറച്ചി വിലയ്ക്ക് വാങ്ങാൻ പുതിയ മുതലെടുപ്പു കാരും എത്തുന്നു. രോഗം സൃഷ്ടിച്ച പ്രതിസന്ധിയെ ഇന്ത്യൻ കാർഷിക പ്രതിസന്ധി യോട് ചേർത്തു വെക്കുകയാണ് സ്കെയർ ക്രോ . കൃഷിക്കാരനെ നോക്കുകുത്തിയാക്കുന്ന ഇന്ത്യൻ ഭരണകൂടത്തോട് അടക്കിപ്പിടിച്ച പ്രതിഷേധം രേഖപ്പെടുത്തുന്ന ഒരു ഞരക്കം ഈ ഹ്രസ്വ ചിത്രത്തിൽ കേൾക്കാം. മലബാറിന്റെ തെയ്യം വീര്യത്തിലക്ക് കണ്ണി ചേർത്ത് കൃഷിക്കാരനിൽ നിന്നും ഒരു ഉറഞ്ഞാട്ടം ആവശ്യപ്പെടുകയാണ് സിനിമ .
സപ്ന ക്രിയേഷൻസിന്റെ ബാനറിൽ സ്വരചന്ദ് നിർമ്മിച്ച സിനിമ രാജേഷ് കീഴത്തു രാണ് സംവിധാനം ചെയ്തത്. അവുള്ളക്കുട്ടി മാസ്റ്ററുടെ കഥയ്ക്ക് തിരക്കഥ രചിച്ച പ്രകാശൻ കരിവെള്ളൂരിനാണ് മേളയിൽ ഏറ്റവും മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് . കൃഷിക്കാരനെ അവതരിപ്പിച്ച ഒ പി ചന്ദ്രൻ ഉദിനൂർ ചലച്ചിത്രോത്സവത്തിൽ ഏറ്റവും മികച്ച നടനുള്ള പുരസ്കാരം കരസ്ഥമാക്കി. മേളയിൽ മികച്ച രണ്ടാമത്തെ ചിത്രവും സ്കെയർ ക്രോ ആണ്. കൂടാതെ മികച്ച കലാസംവിധാനം, പശ്ചാത്തല സംഗീതം എന്നിവയ്ക്കുള്ള പുരസ്കാരവും സ്കെയർ ക്രോയ്ക്ക് ലഭിച്ചു
നടക്കാവ് ശ്രീലയം ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് വിതരണച്ചടങ്ങിൽ പ്രശസ്തനാടക-ചലച്ചിത്ര പ്രതിഭ ബിജു ഇരിണാവ് മുഖ്യാതിഥിയായിരുന്നു.