ജനകീയാസൂത്രണത്തിന്റെ പിറവി തൊട്ട് ഒപ്പമുണ്ട് പപ്പൻ കുട്ടമത്ത് .

ജനകീയാസൂത്രണത്തിന്റെ പിറവി തൊട്ട് ഒപ്പമുണ്ട് പപ്പൻ കുട്ടമത്ത് .
കാഞ്ഞങ്ങാട് : കേരളത്തിൽ ജനകീയാസൂത്രണ പരീക്ഷണത്തിന്റെ പിറവിയുടെ രജത ജൂബിലി നാടാകെ ആഘോഷിക്കുമ്പോൾ തുടക്കം മുതൽ ജില്ലയിലെ പ്രവർത്തനങ്ങളിൽ നിർണായക സ്ഥാനത്ത് നിന്ന് പ്രവർത്തിച്ച വ്യക്തിയാണ് പപ്പൻ കുട്ടമത്ത് എന്നറിയപ്പെടുന്ന പി.വി.പത്മനാഭൻ. ചെറുവത്തൂർ കുട്ടമത്ത് സ്വദേശിയായ പപ്പൻ മാഷ് 26 വർഷമായി കാഞ്ഞങ്ങാട് നെല്ലിക്കാട്ടാണ് താമസം. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന തല പ്രവർത്തകനായിരുന്ന പപ്പൻ മാഷ് എറണാകുളം സാക്ഷരതാ യജ്ഞത്തിലും കേരള സാക്ഷരതയിൽ ജില്ലയിലും നേതൃസ്ഥാനത്തു നിന്ന് പ്രവർത്തനങ്ങൾ നയിച്ചു. ചെണ്ടവാദനത്തിൽ ശാസ്ത്രീയമായി പരിശീലനം നേടിയ പപ്പൻ കുട്ടമത്ത് സംസ്ഥാന ശാസ്ത്ര കലാജാഥയെയും സാക്ഷരതാ ജാഥയെയും താളമിട്ട് കൊഴുപ്പിക്കാൻ ഒഴിവാക്കാനാവാത്ത ഘടകമായിരുന്നു. കിലയുടെ ജില്ലാതല ഫെസിലിറ്റേറ്റർ എന്ന നിലയിൽ സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ പ്രതിനിധികൾക്ക് ഇരുപത്തിയഞ്ച് വർഷം തുടർച്ചയായി പരിശീലനം നൽകി. ജനകീയാസൂത്രണ പ്രവർത്തനങ്ങളുടെ ആശയ രൂപീകരണത്തിലും പരിശീലനത്തിലും നേതൃത്വം കൊടുത്ത മുൻ ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്ക് 45 വർഷത്തെ പപ്പൻ മാഷിന്റെ പ്രവർത്തന മികവ് സൂചിപ്പിച്ച് ഫെയ്സ് ബുക്കിൽ കുറിപ്പിട്ടു.
പോസ്റ്റിലെ പ്രസക്ത ഭാഗം :

ജനകീയാസൂത്രണ ജനകീയ ചരിത്രം – 45

1996 മുതൽ ഇന്നു വരെ കാസർകോട്ടെ അധികാരവികേന്ദ്രീകരണത്തിന്റെ തുടർച്ചയാണ് മാഷ്.

ജനകീയാസൂത്രണം ജില്ലാ കോർഡിനേറ്റർ. ജില്ലാ ആസൂത്രണ സമിതിയിലെ സർക്കാർ നോമിനി. സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗം. സംസ്ഥാന ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് അംഗം. കിലയുടെ എക്സ്റ്റൻഷൻ ഫാക്കൽറ്റി. ജില്ലാ ഫെസിലിറ്റേറ്റർ. തീർന്നില്ല. 25 വർഷം തുടർച്ചയായി കാസർകോട് ജില്ലാ പഞ്ചായത്തിന്റെയും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടെയും വിദ്യാഭ്യാസ വർക്കിംഗ് ഗ്രൂപ്പ് അംഗം. ഇവിടങ്ങളിലെ ആസൂത്രണ സമിതി അംഗവുമാണ്.
തുടക്കം സാക്ഷരതാ പ്രസ്ഥാനത്തിൽ നിന്നാണ്. “നാളെ നേതാക്കളായി മാറേണ്ട നിങ്ങൾക്ക്” എന്നു തുടങ്ങുന്ന അവതരണഗാനവുമായി എറണാകുളം സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിൽ കലാജാഥ സംഘാടകനായി പ്രവർത്തിച്ചു. കേരളം സമ്പൂർണ്ണ സാക്ഷരതയിൽ 1991-ൽ കാസർഗോഡ് ജില്ലാ കോർഡിനേറ്ററായി പ്രവർത്തിച്ചു.

പരിഷത്തിന്റെ ശാസ്ത്രകലാജാഥയിൽ മൂന്നുവർഷം അംഗമായിരുന്ന പരിചയമുണ്ടായിരുന്നു. വനിതാ കലാജാഥ, ബാലോത്സവജാഥ എന്നിവയുടെ മാനേജറുമായിരുന്നു. ഭോപ്പാൽ ദുരന്തമുണ്ടായപ്പോൾ അതിനെതിരെ അഖിലേന്ത്യാടിസ്ഥാനത്തിൽ സംഘടിപ്പിച്ച ഭാരത് ജ്ഞാൻവിജ്ഞാൻ ജാഥയുടെ ക്യാപ്റ്റനായിരുന്നു. 14 സംസ്ഥാനങ്ങളിൽ സഞ്ചരിച്ച് ഹിന്ദിയിലും ഇംഗ്ലീഷിലും കലാപരിപാടി. മാലി ദ്വീപിൽ നടന്ന ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിൽ ശാസ്ത്രകലാ പരിപാടി അവതരിപ്പിക്കാൻപോയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു .പപ്പൻ കുട്ടമത്ത് അന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേന്ദ്ര നിർവ്വാഹക സമിതിയംഗം. മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻ ജാഥാ പരിപാടികൾ കാണുകയും പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
മികച്ച അധ്യാപകനായിരുന്നു. സി.കൃഷ്ണൻ നായർ ജില്ലാ കൗൺസിൽ പ്രസിഡന്റായിരുന്ന കാലത്ത് മടിക്കൈയിൽ ഡയറ്റും സാക്ഷരതാ സമിതിയും ചേർന്ന് ആരംഭിച്ച വിദ്യാഭ്യാസ കോംപ്ലക്സിന്റെ – മടിക്കൈ പഠനോത്സവം – കൺവീനറായിരുന്നു. പഞ്ചായത്തിലെ ഹൈസ്കൂളും ഫീഡിംഗ് സ്കൂളുകളും ഒറ്റ ശൃംഖലയായി കണ്ട് അധ്യാപക പരിശീലനവും നൂനതബോധന രീതികളുമെല്ലാം ആവിഷ്കരിച്ചു നടപ്പാക്കുന്ന വിദ്യാഭ്യാസ പരീക്ഷണമാണിത്. കോത്താരി കമ്മീഷൻ ശുപാർശ ചെയ്ത വിദ്യാഭ്യാസ കോംപ്ലക്സിന്റെ ചുവട് പിടിച്ചാണിത്. ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും ഈ പരീക്ഷണം. മടിക്കൈപഠനോത്സവം അന്നു വലിയ അംഗീകാരം നേടുകയുണ്ടായി. ശിവപുരം പരീക്ഷണത്തിന്റെ തുടർച്ചയായിട്ടാണ് മടിക്കൈ പഞ്ചായത്തിലും കല്യാശ്ശേരിയിലും വിദ്യാഭ്യാസ കോംപ്ലക്സുകൾ സ്ഥാപിച്ചത്. രണ്ടും വിദ്യാഭ്യാസ മേഖലയിൽ എങ്ങനെ ഇടപെടണമെന്നതിന്റെ മാതൃകയായി ജനകീയാസൂത്രണത്തിൽ ഉയർത്തിപ്പിടിച്ചിരുന്നു.

വിദ്യാഭ്യാസ നിർവ്വഹണ ഉദ്യോഗസ്ഥർക്ക് ക്ലാസ് എടുക്കുന്നതിനുള്ള സംസ്ഥാന ടീമിലെ അംഗമായിരുന്നു. ഈ വർഷവും 14 ജില്ലകളിലെയും വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെ ഓൺലൈൻ പരിശീലനത്തിൽ പങ്കാളിയായിരുന്നു. കോട്ടച്ചേരി സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ടാണ്.
താലൂക്ക് ലൈബ്രറി കൗൺസിൽ നിർവാഹക സമിതി അംഗമായും പ്രവർത്തിക്കുന്നു.പതിനഞ്ച് വർഷമായി ജില്ലാ സാക്ഷരതാ സമിതി അംഗമാണ് കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. ഹൊസ്ദുർഗ് താലൂക്ക് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ പ്രസിഡന്റായി പതിനഞ്ച് വർഷക്കാലം പ്രവർത്തിച്ചു.
എല്ലാവരെയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാനുള്ള പപ്പൻ മാഷിന്റെ കഴിവാണ് അദ്ദേഹത്തിന്റെ നീണ്ട സ്വീകാര്യതയുടെ ഒരു പ്രധാന കാരണം – ഐസക് കൂട്ടിച്ചേർത്തു.

മുൻ രാഷ്ട്രപതി കെ.ആർ.നാരായണനോടൊപ്പം പപ്പൻ കുട്ടമത്ത് – നിൽക്കുന്നതിൽ വലത്തെയറ്റം.

പപ്പൻ കുട്ടമത്ത്.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close