ആഘോഷമായി മോഡൽ പ്രീ പ്രൈമറിയിലെ പ്രവേശനോത്സവം
ആഘോഷമായി മോഡൽ പ്രീ പ്രൈമറിയിലെ
പ്രവേശനോത്സവം
കാഞ്ഞങ്ങാട് : നീണ്ട കാത്തിരിപ്പിനു ശേഷം പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചപ്പോൾ തലയിൽ പ്ലാവില തൊപ്പി വെച്ചും ഊതി വീർപ്പിച്ച ബലൂണുകൾ ഉയർത്തിയും ഓലപ്പീപ്പി വിളിച്ചും കുരുന്നുകൾ പ്രവേശനോത്സവം വർണാഭമാക്കി.
സമഗ്ര ശിക്ഷ കേരളത്തിന്റെ പദ്ധതി ഫണ്ടുപയോഗിച്ച് മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിൽ നിർമ്മിച്ച ജില്ലയിലെ ഏക മോഡൽ പ്രീ പ്രൈമറി യിൽ നടന്ന മാതൃകാ പ്രവേശനോത്സവം കുട്ടികൾക്കെന്നപോലെ രക്ഷിതാക്കൾക്കും വേറിട്ട അനുഭവമായി.
മൊബൈൽ ഫോണിലൂടെ മാത്രം പരിചയപ്പെട്ട അധ്യാപികയെയും കൂട്ടുകാരെയും ചിത്രങ്ങളും ശില്പങ്ങളും കൊണ്ട് അലങ്കരിച്ച ക്ലാസുമുറികളും നേരിൽ കണ്ടപ്പോൾ അവരുടെ മുഖത്ത് അത്ഭുതത്തോടൊപ്പം ആഹ്ലാദവും നിറഞ്ഞാടി. കളിച്ചും ചിരിച്ചും പാടിയും അവർ ആദ്യ ദിവസം തന്നെ അവിസ്മരണീയമായ അനുഭവമാക്കി. സമഗ്ര ശിക്ഷ കേരളം
ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ടി. ഗണേഷ് കുമാർ , ബി.പി.സി. ഇൻ ചാർജ് വിജയലക്ഷ്മി ടീച്ചർ, പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ , പി.സജിത പ്രസംഗിച്ചു. കെ.വി. വനജ അധ്യക്ഷത വഹിച്ചു.
മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ മോഡൽ പ്രീ പ്രൈമറി യിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്.