ജീവികൾക്ക് കുടിനീരേകി വനിതാവേദി പ്രവർത്തകർ. കൊടക്കാട് പൊള്ളപ്പൊയിൽ ബാലകൈരളി ഗ്രന്ഥാലയം വനിതാവേദിയുടെ ആഭിമുഖ്യത്തിലാണ് കിളികൾക്കൊപ്പം പച്ചത്തുരുത്തിലെ പച്ചപ്പുകൾക്കും ഉപകാരപ്പെടും വിധത്തിൽ മരത്തൈകളുടെ ചുവട്ടിൽ നിറകുടങ്ങൾ സ്ഥാപിച്ചത്
ജീവികൾക്ക് കുടിനീരേകി വനിതാവേദി പ്രവർത്തകർ.
കൊടക്കാട് പൊള്ളപ്പൊയിൽ ബാലകൈരളി ഗ്രന്ഥാലയം വനിതാവേദിയുടെ ആഭിമുഖ്യത്തിലാണ് കിളികൾക്കൊപ്പം പച്ചത്തുരുത്തിലെ പച്ചപ്പുകൾക്കും ഉപകാരപ്പെടും വിധത്തിൽ മരത്തൈകളുടെ ചുവട്ടിൽ നിറകുടങ്ങൾ സ്ഥാപിച്ചത്
കൊടക്കാട് : നാടാകെ വേനലിൽ ചുട്ടുപൊള്ളുമ്പോൾ പച്ചത്തുരുത്തിലെ സസ്യങ്ങൾക്കും കുടിനീർ കിട്ടാതെ ഉഴലുന്ന പക്ഷികൾക്കും മൺകുടത്തിൽ വെള്ളം നിറച്ച് ഗ്രന്ഥശാലാ പ്രവർത്തകർ. പൊള്ളപ്പൊയിൽ ബാലകൈരളി ഗ്രന്ഥാലയം വനിതാവേദിയുടെ ആഭിമുഖ്യത്തിലാണ് കിളികൾക്കൊപ്പം പച്ചത്തുരുത്തിലെ പച്ചപ്പുകൾക്കും ഉപകാരപ്പെടും വിധത്തിൽ മരത്തൈകളുടെ ചുവട്ടിൽ നിറകുടങ്ങൾ സ്ഥാപിച്ചത്.പൊള്ളപ്പൊയിൽ എ എൽ പി സ്കൂളിന് സമീപം ഗ്രന്ഥാലയം തയാറാക്കിയ പച്ചത്തുരുത്തിലാണ് പഴയ കാലത്ത് നാളികേരത്തൈകൾക്ക് കീഴെ മൺകുടങ്ങൾ വെച്ച് ഇറ്റിറ്റായി വെള്ളം കിട്ടുന്ന രീതി പുനരാവിഷ്ക്കരിച്ചത്.ഒപ്പം പക്ഷികൾക്ക് കുടിക്കാനും കുളിക്കാനുമുള്ള ഇടമായും വേനലിൽ ഈ നിറകുടങ്ങൾ മാറും. ഏകലോകം ഏകാരോഗ്യം എന്ന ആശയം കൊറോണ പഠിപ്പിച്ച പാഠമാണ്. സകല ജീവജാലങ്ങളുടേയും ആരോഗ്യം മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുണ്ടെന്ന് ജന്തുജന്യ രോഗങ്ങൾ നൽകുന്ന മുന്നറിയിപ്പാണ്.
ലോകത്തെവിടെയെങ്കിലും പ്രത്യക്ഷപ്പെടുന്ന പകർച്ചവ്യാധികൾ വളരെ വേഗത്തിൽ വ്യാപിക്കുകയും ചെയ്യുന്നു. പരിസ്ഥിതിയുടെ ആരോഗ്യം സംരക്ഷിച്ചു മാത്രമേ മനുഷ്യർക്കും നിലനിൽപ്പുള്ളൂ. അതുകൊണ്ട് കഠിന വേനലിൽ പക്ഷികൾക്ക് മാത്രമല്ല. ഇഴജന്തുക്കൾ അടക്കമുള്ള ജീവജാലങ്ങൾക്കെല്ലാം ദാഹജലമേകാനാണ് മൺകലങ്ങളിൽ വെള്ളം നിറച്ച് വൃക്ഷത്തൈകളുടെ ചുവട്ടിൽ വെക്കുന്നത്. ജീവികൾക്ക് കുടിനീർ പരിപാടി ഹോസ്ദുർഗ്ഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് പി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വനിതാവേദി ചെയർമാൻ പി.വി.രാധ, കൺവീനർ വി.വി. റീത്ത, കെ.കുഞ്ഞിരാമൻ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി പ്രദീപ് കൊടക്കാട് സ്വാഗതവും പി.റൈന നന്ദിയും പറഞ്ഞു.