ധീര” പദ്ധതിക്ക്അജാനൂർ പഞ്ചായത്തിൽ തുടക്കമായി
“ധീര” പദ്ധതിക്ക്അജാനൂർ പഞ്ചായത്തിൽ തുടക്കമായി
അജാനൂർ : പെണ്‍കുട്ടികളില്‍ സ്വയം സുരക്ഷയും ആത്മവിശ്വാസവും വളര്‍ത്താന്‍ വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന “ധീര” പദ്ധതിക്ക് അജാനൂർ പഞ്ചായത്തിൽ തുടക്കമായി.അതിക്രമമുണ്ടാകുന്ന സാഹചര്യങ്ങളില്‍ വനിതകള്‍ക്ക് സ്വയം സുരക്ഷ ഉറപ്പാക്കാനായി പ്രതിരോധ പരിശീലനം നല്‍കുന്നതിനും ആത്മവിശ്വാസം വളര്‍ത്തുന്നതിനുമായാണ് ‘ധീര’ പദ്ധതി നടപ്പിലാക്കുന്നത്. പത്തു മുതല്‍ പതിനഞ്ചു വയസ്സുവരെയുള്ള മുപ്പത് പെണ്‍കുട്ടികളെ പഞ്ചായത്തിൽ നിന്നും പരിശീലനത്തിനായി തെരഞ്ഞെടുത്തുകൊണ്ട് സ്വയം പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ആര്‍ജ്ജിക്കാനുള്ള പരിശീലനം ഉറപ്പാക്കും. അംഗണവാടികള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കൗമാര ക്ലബ്ബുകള്‍ വഴി പ്രാഥമിക അന്വേഷണം നടത്തി തയാറാക്കിയ പട്ടികയില്‍ നിന്ന് ജില്ലാ വനിതാ ശിശു വികസന ഓഫിസറുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരിശീലനത്തിന് പെണ്‍കുട്ടികളെ തിരഞ്ഞെടുത്തത്. രക്ഷിതാക്കളെ നഷ്ടമായവര്‍, അതിക്രമങ്ങള്‍ക്ക് ഇരയായവര്‍, അരക്ഷിത സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന നൽകിയത്.
ശനി , ഞായര്‍ ദിവസങ്ങളില്‍ രണ്ട് മണിക്കൂര്‍ വീതം തുടർച്ചയായ പത്തു മാസമാണ് പരിശീലന കാലയളവ്. മാനസിക-ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, അതിക്രമങ്ങളെക്കുറിച്ചു ബോധവത്ക്കരണം നല്‍കുക, സ്വയം രക്ഷ ഉറപ്പാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ആയോധനകലയായ തെയ്ക്വാണ്ടോയാണ് അഭ്യസിപ്പിക്കുക. അതിന് അനുയോജ്യമായ യൂണിഫോം വിതരണം ചെയ്യും. ഓരോ ദിവസത്തെയും പരിശീലനത്തിന് ശേഷം കുട്ടികള്‍ക്ക് പോഷകാഹാരങ്ങള്‍ നല്‍കും. പദ്ധതിയുടെ അജാനൂർ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് ഹാളില്‍ ഹൊസ്ദുർഗ് സബ് ഇൻസ്പെക്ടർ
കെ. രാജീവൻ നിര്‍വ്വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഷിംന. വി. എസ്
ചടങ്ങില്‍ മുഖ്യാതിഥിയായി. അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീഷ്.കെ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ
മീന. കെ വി,
കെ.കൃഷ്ണൻ മാസ്റ്റർ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പുഷ്പ എം.ജി,
ലക്ഷ്മി തമ്പാൻ, കാസറഗോഡ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് സോഷ്യൽ വർക്കർ അശ്വിൻ ബി, തെയ്ക്വാണ്ടോ പരിശീലകൻ
മധു.വി. വി തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ കാഞ്ഞങ്ങാട് ഐ.സി.ഡി.എസ് ശിശു വികസന പദ്ധതി ഓഫീസർ ലതിക പത്രവളപ്പിൽ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ
ഗൗരിശ്രീ.കെ.വി നന്ദിയും പറഞ്ഞു.