പ്രകൃതിയിലേക്ക് കണ്ണ് തുറക്കാനും പ്രകൃതിയുടെ പാഠം വായിക്കാനും നമ്മൾ തയ്യാറാകണം.. കവി നാലപ്പാടം പത്മനാഭൻ.
പ്രകൃതിയിലേക്ക് കണ്ണ് തുറക്കാനും പ്രകൃതിയുടെ പാഠം വായിക്കാനും നമ്മൾ തയ്യാറാകണം.. കവി നാലപ്പാടം പത്മനാഭൻ.
കാഞ്ഞങ്ങാട്: സൂര്യോദയവും സൂര്യാസ്തമയവും മഴവെള്ളവും പുഴ വെള്ളവുമെല്ലാം ഒരു പുസ്തകം പോലെ നമുക്ക് പ്രകൃതി തുറന്നു തന്നിട്ടുണ്ട്. ആ പ്രകൃതിയുടെ പാഠം വായിക്കാനും പ്രകൃതിയിലേക്ക് കണ്ണുതുറക്കാനും നമ്മൾ തയ്യാറാകണമെന്ന് നാലപ്പാടം പത്മനാഭൻ വിദ്യാർത്ഥികളോട് പറഞ്ഞു.കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ബാലസാഹിത്യ പ്രസിദ്ധീകരണ പ്രസ്ഥാനമായ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് കാഞ്ഞങ്ങാട് പത്മശ്രീ ബുക്സുമായി സഹകരിച്ച് വിദ്യാലയങ്ങളിൽനടത്തുന്ന ബാലസാഹിത്യ പുസ്തകോത്സവത്തിന്റെ ഭാഗമായി ഹോസ്ദുർഗ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കവിയും കേന്ദ്ര സാംസ്കാരിക വകുപ്പ് സീനിയർ ഫെലോയുമായ നാലപ്പാടം പത്മനാഭൻ. വിദ്യാർത്ഥികൾക്ക് ബാല സാഹിത്യ ഇന്സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ കാണുവാനും പരിചയപ്പെടാനും വാങ്ങുവാനും അവസരമൊരുക്കുക എന്നതാണ് പുസ്തകോത്സവത്തിന്റെ ഉദ്ദേശം. ഒരു കുട്ടിക്ക് ഒരു പുസ്തകം എങ്കിലും എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. പ്രിൻസിപ്പാൾ എ.വി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് രാജേഷ് ഓൾനടിയൻ, സുധ ടീച്ചർ എന്നിവർ ആശംസ നേർന്നു. പ്രധാനാധ്യാപകൻ പി. ഗംഗാധരൻ സ്വാഗതവും വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ കെ. പി. രഘു നന്ദിയും പറഞ്ഞു. തുടർന്ന് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തക ങ്ങളുമായി പത്മശ്രീ പുസ്തക വണ്ടിയിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ പുസ്തകങ്ങളുടെ പരിചയപ്പെടലും വിതരണവും നടന്നു.