
ആയിരം ബാലോത്സവങ്ങൾ നടത്തുന്നു
*
ആയിരം ബാലോത്സവങ്ങൾ നടത്തുന്നു.*
കാഞ്ഞങ്ങാട്:
കുട്ടികളിൽ ശാസ്ത്രബോധവും യുക്തിചിന്തയും വളർത്താൻ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആയിരം ബാലോത്‌സവങ്ങൾ സംഘടിപ്പിക്കും. പരിഷത്ത് സംസ്ഥാനമൊട്ടാകെയുള്ള എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുൻസിപ്പൽ – കോർപ്പറേഷനുകളിലും ആയിരം ബാലോത്സവങ്ങളുമായിട്ടാണ് കുട്ടികളുടെ അരികിലെത്തുന്നത്.
ഓണാവധിക്കാലത്ത് ആരംഭിക്കുന്ന ബാലോത്‌സവം ആകാശം, മണ്ണ്, വായു എന്നിങ്ങനെ നിരവധിയായ വിഷയങ്ങൾ തുടർന്നുള്ള മാസങ്ങളിൽ ചർച്ച ചെയ്യും. ജലം എന്നതാണ് സപ്തംബർ മാസത്തെ വിഷയം. ജലത്തിന്റെ ശാസ്ത്രവും സാമൂഹ്യതലവും കുട്ടികൾ പരിശോധിക്കും.
ജലം ബാലോത്സവം സംസ്ഥാന പരിശീലന ക്യാമ്പ് ആഗസ്റ്റ് 13, 14 ഷൊർണ്ണൂരിൽ നടന്നു. വിവിധ ജില്ലകളിൽ നിന്നായി 140 പേർ പങ്കെടുത്തു. തുടർന്ന് ഇക്കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് പരിഷത്ത് ഭവൻ ,കെ എസ് ടി എ കേന്ദ്രം എന്നിവിടങ്ങളിലായി ജില്ലാ പരിശീലനം നടന്നു. പരീക്ഷണ ലോകം, ഭാഷാലോകം, നിർമ്മാണ-നിരീക്ഷണ ലോകം, പ്രശ്നപരിഹാര (ശാസ്ത്രബോധം) ലോകം എന്നിങ്ങനെ നാല് വിഷയ ലോക പരിശീലനത്തോടൊപ്പം , ഫീൽഡ് ട്രിപ്പ് , കളികൾ പാട്ടുകൾ, ഒറിഗാമി എന്നിവയുമുണ്ട് .
ജില്ലയിലെ 58 ബാലവേദികളിലും ജലം ബാലോത്സവം നടക്കുന്നു. ബാലവേദി കൂട്ടുകാർക്കൊപ്പം സമാന ചിന്താഗതിയുള്ള കുട്ടികളുടെ സംഘത്തേയും ഇതിൽ കണ്ണി ചേർക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 76 പേർ പരിശീലനത്തിൽ പങ്കെടുത്തു. ഭൂരിഭാഗവും വനിതകളായിരുന്നു. 58 പേർ. പുതിയ അധ്യാപകർ, അധ്യാപക- വിദ്യാർത്ഥികൾ, ബിരുദ -ബിരുദാനന്തര പഠനം നടത്തുന്നവരൊക്കെ പരിശീലനത്തിൽ ആവേശപൂർവ്വം പങ്കാളികളായി. കുട്ടികളിൽ ശാസ്ത്രബോധവും യുക്തിചിന്തയുമുറപ്പിക്കാൻ നടത്തുന്ന ബാലോത്സവം ജില്ലയിലെ കന്നട മേഖലകളിലും നടത്തുന്നുണ്ട്. കന്നട മേഖലയിലെ അധ്യാപകർക്ക് പരിശീലനം നല്കി. പങ്കെടുപ്പിക്കും.
ജലമുപയോഗിച് തീ കത്തിക്കുന്ന ശാസ്ത്ര പ്രവർത്തനം നടത്തിക്കൊണ്ട് പരിഷത്ത് ജില്ലാ പ്രസിഡണ്ട് ഡോ. എംവി ഗംഗാധരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബാലവേദി മുൻസംസ്ഥാന ചെയർമാൻ പ്രദീപ് കൊടക്കാട് ബാലവേദി പ്രവർത്തനങ്ങൾ വിശദീകരിച്ചു. പടന്നക്കാട് എസ് എൻ ടി ടി ഐ പ്രിൻസിപ്പാൾ പുഷ്പലത, കെടി സുകുമാരൻ, പി പി രാജൻ എന്നിവർ സംസാരിച്ചു .എകെ നീലാംബരൻ അധ്യക്ഷത വഹിച്ചു.
നാല് മൂലകളിലായി വിഷയലോകങ്ങളുടെ പരിശീലനം നടന്നു. പ്രദീപ് കൊടക്കാട്, തങ്കമണി, എ.അനിൽകുമാർ, കെ.ചന്ദ്രൻ ചീമേനി, എ.ശശിധരൻ , മനീഷ് തുക്കരിപ്പൂർ , അനശ്വര, ഒപി ചന്ദ്രൻ, ജോയ്സ് ജോസഫ് ,എം.വി. കുഞ്ഞിക്കൃഷ്ണൻ, അമൽ, അമ്പു പണ്ടാരത്തിൽ , രാജൻ, കൃഷ്ണജ, ദിൽന, പി.കുഞ്ഞിക്കണ്ണൻ, എം. രമേശൻ , വി.മധുസൂദനൻ , സുഭാഷ് ചന്ദ്രജയൻ, ഇന്ദു പനയാൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നല്കി.
ജില്ലയിലെ ആദ്യ ബാലോത്സവത്തിന്റെ ഉദ്ഘാടനം സപ്തം. 3, 4 തീയതികളിൽ ഉദിനൂരിൽ നടക്കും. അതോടൊപ്പം കിനാനൂർ -കരിന്തളം, ചെമ്മനാട്, മടിക്കൈ പഞ്ചായത്തുകളിലും ബാലോത്സവമുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിലാകെ ബാലോത്സവങ്ങൾ അരങ്ങേറും.