
ഉബൈദ് സ്മരണയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് കാസർഗോഡ് സാഹിത്യ വേദി സംഘടിപ്പിച്ച അനുസ്മരണം വത്സൻ പിലിക്കോട് ഉത്ഘാടനം ചെയ്തു
*ഉബൈദ് സാമൂഹ്യ നവോത്ഥാനത്തിന്റെ തിരുദൂതൻ*
ഡോ. വത്സൻ പിലിക്കോട്.
കാസർഗോഡ് : ഉത്തര കേരളത്തിലെ സമൂഹ്യ നവോത്ഥാനത്തിന്റെ തിരുദൂതനാണ് ടി.ഉബൈദ് എന്ന് പ്രമുഖ പ്രഭാഷകൻ ഡോ. വത്സൻ പിലിക്കോട് .ഉബൈദ് സ്മരണയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് കാസർഗോഡ് സാഹിത്യ വേദി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതപരവും സാംസ്കാരിക പരവുമായ മതിൽക്കെട്ടുകളെ പൊട്ടിച്ചെറിഞ്ഞ് ജന മനസ്സുകളിൽ ഒരു വിചാര വിപ്ലവത്തിന് തിരികൊളുത്തിയ പരിഷ്കർത്താവായാണ് ഉബൈദിനെ വായിക്കേണ്ടത്. ദേശീയ വാദിയും പരിഷ്ക്കരണവാദിയുമായ ഒരു പോരാളിയായിരുന്നു അക്ഷരാർത്ഥത്തിൽ ഉബൈദ്. കന്നഡയിലും മലയാളത്തിലും ഒരുപോലെ സർഗ്ഗാത്മക രചനകൾ നടത്തുക വഴി ഇരു ഭാഷാ പാരമ്പര്യങ്ങളെ ചേർത്തു നിർത്തുന്ന ഒരു ഇണക്കു കണ്ണിയായി അദ്ദേഹം വർത്തിച്ചു. സാഹിത്യ നഭോമണ്ഡലത്തിലെ പ്രമുഖരുമായി അദ്ദേഹം സൂക്ഷിച്ച ബന്ധം വടക്കിന്റെ രചനാലോകത്തെ കേരളത്തിനു പരിചയപെടുത്താൻ കാരണമായി. മാപ്പിളക്കലകൾക്കും അനുബന്ധ സാഹിത്യ ശാഖയ്ക്കും മേൽവിലാസമുണ്ടാക്കിക്കൊടുത്തതും ഉബൈദ് ആയിരുന്നു. മുസ്ലീം സമുദായ പരിഷ്ക്കരണത്തിൽ കനപ്പെട്ട സംഭാവന നൽകിയ അദ്ദേഹം പെൺകുട്ടികളുടെ വിദ്യാഭ്യാസം യാഥാർത്ഥ്യമാക്കുന്നതിന്നായി അഹോരാത്രം യത്നിച്ചുവെന്നും വത്സൻ പിലിക്കോട് പറഞ്ഞു. യാഥാസ്ഥിതികരുടെ സമ്മർദ്ദങ്ങൾക്ക് വഴി പ്പെടാതെ ധീരമായി പൊരുതി ഉബൈദ് നേടിയ വിജയമാണ് ഇന്ന് കാസർഗോഡിന്റെ സാംസ്ക്കാരിക മേൽവിലാസത്തിനു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. കാസർഗോഡ് നഗരസഭാ ചെയർമാൻ അഡ്വ.വി.എം. മുനീർ മുഖ്യാതിഥിയായി. ഡോ. രത്നാകര മല്ലമൂല , പി.എസ്. ഹമീദ്, വി.വി.പ്രഭാകരൻ, ഹമീദലി ചേരങ്കൈ, എ.എസ് മുഹമ്മദ് കുഞ്ഞി , പുഷ്പാകരൻ ബെണ്ടിച്ചാൽ എന്നിവർ സംസാരിച്ചു. സാഹിത്യ വേദി പ്രസിഡണ്ട് പത്മനാഭൻ ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു.