
പാരമ്പര്യേതര ഊര്‍ജ്ജ സംരക്ഷണ മേഖലയിലെ നേട്ടം ജില്ലാ പഞ്ചായത്തിന് അംഗീകാരം
പാരമ്പര്യേതര ഊര്‍ജ്ജ സംരക്ഷണ മേഖലയിലെ നേട്ടം
ജില്ലാ പഞ്ചായത്തിന് അംഗീകാരം
പാരമ്പര്യേതര ഊജ്ജ സംരക്ഷണ മേഖലയില്‍ നല്‍കിയ സംഭാവനക്ക് കാസര്‍കോട് ജില്ലാ പഞ്ചായത്തിന് അംഗീകാരം. സംസ്ഥാന അക്ഷയ ഊര്‍ജ അവാര്‍ഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും ഭരണസമിതി അംഗങ്ങളും മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഏറ്റു വാങ്ങി.
കാസര്‍കോട് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഘടക സ്ഥാപനങ്ങളെ ഘട്ടം ഘട്ടമായി സോളാര്‍ സംവിധാനത്തിലേയ്ക്ക് എത്തിച്ചു കൊണ്ടാണ് പാരമ്പര്യേതര ഊര്‍ജമേഖലയിലെ പ്രവര്‍ത്തനം. ജില്ലാ പഞ്ചായത്തിന് സ്വന്തമായിട്ടുള്ള 87 സ്‌കൂളുകളില്‍ 52ഇടത്തും മൂന്ന് ആശുപത്രികളിലും ഇതിനകം തന്നെ ഓണ്‍ഗ്രിഡ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചത് നേട്ടമായി. ശേഷിക്കുന്ന സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്. ഇതും കൂടി പൂത്തീകരിക്കുന്നതോടെ മുഴുവന്‍ ഘടക സ്ഥാപനങ്ങളിലും സോളാര്‍ വൈദ്യുതീകരണം നടത്തുന്ന രാജ്യത്തിലെ ആദ്യ തദ്ദേശ സ്വയം ഭരണ സ്ഥാപനം എന്ന നേട്ടത്തിലേക്കും ജില്ലാ പഞ്ചായത്ത് എത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ പറഞ്ഞു.
വിവിധ ഘട്ടങ്ങളിലായി 900 കെ ഡബ്ല്യു പി ശേഷിയുള്ള ഓഫ് ഗ്രിഡ് /ഓണ്‍ഗ്രിഡ് പ്ലാന്റുകളാണ് ഇതുവരെ സ്ഥാപിച്ചത്. കേരള പഞ്ചായത്ത് രാജ് ആക്ടിലെ അനിവാര്യ ചുമതലയായ വിദ്യുച്ഛക്തി ഊജ്ജ മേഖലയിലെ ഉത്തരവാദിത്വമാണ് ജില്ലാ പഞ്ചായത്ത് നിറവേറ്റുന്നത്. പാരിസ്ഥിതിക മേഖലയിലെ ധനാത്മകമായി ഇടപെടല്‍ കൂടിയാണ് ഈ പ്രവര്‍ത്തനങ്ങള്‍.സാമ്പത്തിക നേട്ടങ്ങക്കു പുറമേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ഊര്‍ജ്ജ സംരക്ഷണ അവബോധം സൃഷ്ടിച്ചെടുക്കാനും കഴിയുന്നുണ്ട്.
ഊര്‍ജ അവാര്‍ഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഏറ്റു വാങ്ങുന്നു