
തൃക്കരിപ്പൂർ സ്കൂൾ ജില്ലയിലെ മികച്ച എൻ എസ് എസ് യൂണിറ്റ്
*തൃക്കരിപ്പൂർ സ്കൂൾ ജില്ലയിലെ മികച്ച എൻ എസ് എസ് യൂണിറ്റ്*
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് വി എച്ച് എസ് ഇ വിഭാഗത്തിലെ നാഷണൽ സർവീസ് സ്കീം അവാർഡുകൾ പ്രഖ്യാപിച്ചു. കാസറഗോഡ് ജില്ലയിലെ മികച്ച യൂണിറ്റ് നുള്ള അവാർഡ് തൃക്കരിപ്പൂർ വി പി പി എം കെ പി എസ് ജി വി എച്ച് എസ് സ്കൂളിനാണ്. സ്കൂളിന്റെ നാല് മതിലിനുള്ളിൽ ഒതുങ്ങാതെ സമൂഹത്തിലേക്കും പ്രകൃതിയിലേക്കും എൻ എസ് എസ് യൂണിറ്റ് നടത്തിയ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്.
ഇടയിലേക്കാട് കാവ് കേന്ദ്രീകരിച്ചു നടപ്പിലാക്കുന്ന സഫലം പ്രൊജക്റ്റ്, കാവ്വായി കായലിൽ ആയിരം കണ്ടൽ തൈകൾ വെച്ച് പിടിപ്പിക്കുന്ന ഹരിത തീരം പദ്ധതി,വിവിധ പഞ്ചായത്തുകളിലായി ഇരുന്നൂറോളം കിടപ്പു രോഗികളുടെ വീട്ടുകളിൽ ആരോഗ്യ പ്രവർത്തകർക്കൊപ്പം വോളന്റീർമാർ നടത്തിയ പാലിയേറ്റിവ് ഹോം കെയർ പ്രവർത്തനം, തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ച പുസ്തക തണൽ, സമീപത്തെ പ്രൈമറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി ഒരുക്കിയ ഗാന്ധി സ്മൃതി ഫോട്ടോ ശേഖരം, ലഹരി വിരുദ്ധ ജാഗ്രതാ സന്ദേശം പ്രചരിപ്പിക്കാൻ ഒരുക്കിയ തെരുവ് നാടക ട്രൂപ്പ്, തരിശ് പാടം കൃഷി യോഗ്യമാക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം വയലിൽ ഇറങ്ങി നടത്തിയ സേവന പ്രവർത്തനങ്ങൾ, വിവിധ സന്നദ്ധ സംഘടനകൾക്കൊപ്പം സംഘടിപ്പിച്ച രക്തദാന ക്യാമ്പുകൾ, മുത്തങ്ങ വന്യ ജീവി സങ്കേതത്തിലും റാണി പുരം വനത്തിലും സംഘടിപ്പിച്ച പ്രകൃതി പഠന ക്യാമ്പുകൾ, വിവിധ സ്കിൽ പരിശീലനങ്ങൾ എന്നിങ്ങനെ മാതൃകാ പരവും വൈവിധ്യങ്ങളുമായ പ്രവർത്തനങ്ങളാണ് ഈ എൻ എസ് എസ് യൂണിറ്റ് കഴിഞ്ഞ അക്കാദമിക വർഷത്തിൽ ഏറ്റെടുത്തത്.
കഴിഞ്ഞ ഡിസംബറിൽ നടന്ന സപ്ത ദിന ക്യാമ്പിന്റെ സ്മരണികയായി ക്യാമ്പ് ഉള്ളടക്കങ്ങൾ മാത്രം ഉൾപ്പെടുത്തി അച്ചടിച്ച സ പ്പ്ളിമെന്റ് പുറത്തിറക്കിയത് സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു.
സ്കൂൾ പ്രിൻസിപ്പൽ പി സീമ, പി ടി എ പ്രസിഡന്റ് അസീസ് കൂലേരി, എസ് എം സി ചെയർമാൻ ഷെരീഫ് കൂലേരി, പി ടി എ വൈസ് പ്രസിഡന്റ് എം രജീഷ് ബാബു,സ്കൂൾ വികസന സമിതി ചെയർമാൻ എം മനു, എൻ എസ് എസ് പി എ സി അംഗം രാജേഷ് സ്കറിയ എന്നിവർ യൂണിറ്റ് ന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ മാർഗ നിർദേശങ്ങൾ നൽകി വരുന്നു. അധ്യാപകനായ വി കെ രാജേഷ് ആണ് യൂണിറ്റ് ന്റെ പ്രോഗ്രാം ഓഫീസർ. അനുജ്ഞ മോഹൻ, അജ്മന, അതുൽ കെ വി, ആകാശ് പി എന്നിവരാണ് വോളന്റീർ സെക്രട്ടറിമാർ.