സാഹിത്യ ശ്രേഷ്ഠ – കലാ ശ്രേഷ്ഠ അവാര്‍ഡ് സുഭാഷ് ചന്ദ്രനും സജി മാടപ്പാട്ടിനും
സാഹിത്യ ശ്രേഷ്ഠ – കലാ ശ്രേഷ്ഠ അവാര്‍ഡ്
സുഭാഷ് ചന്ദ്രനും സജി മാടപ്പാട്ടിനും
കാസര്‍കോട്: നാടന്‍കലാ ഗവേഷണ പാഠശാല നാലാമത് സംസ്ഥാന സാഹിത്യ ശ്രേഷ്ഠ – കലാ ശ്രേഷ്ഠ അവാര്‍ഡ് പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രനും സജി മാടപ്പാട്ടിനും നല്‍കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്ര സംസ്ഥാന അംഗീകാരങ്ങളും നിരവധി ബഹുമതികളും നേടി എഴുത്തില്‍ നൂതനമായ ആശയ ചിന്താശൈലികളിലൂടെ വായനക്കാരെ സര്‍ഗാത്മകമാക്കിയ സാഹിത്യ സംഭാവനകള്‍ മാനിച്ചാണ് സുഭാഷ് ചന്ദ്രന് സാഹിത്യ ശ്രേഷ്ഠ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.
മനുഷ്യന് ഒരാമുഖം, സമുദ്രശില എന്നീ ബൃഹദ് നോവലിലൂടെ മനുഷ്യ ജീവിതത്തിന്റെ വര്‍ത്തമാന പരിതോവസ്ഥ വിട്ടുവീഴ്ച്ചകളില്ലാതെ യഥാവിധി വരച്ചുകാട്ടാന്‍ എഴുത്തുകാരന് കഴിഞ്ഞതായി അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.
അനുഷ്ഠാനത്തിന്റെ ഭക്തിയും സ്വത്വവും ചോരാതെ എഴുത്തിലൂടെയും ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെയും തെയ്യത്തെ ലോകോത്തരമാക്കാന്‍ ചെയ്ത ദേശീയ-അന്തര്‍ ദേശീയ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് സജി മാടപ്പാട്ടിനുള്ള അംഗീകാരം.മലയാളത്തിലും ഇതര ഭാഷകളിലുമായി അദ്ദേഹം തയ്യാറാക്കിയ ദൈവങ്ങള്‍ നൃത്തം ചെയ്ത ദിനരാത്രങ്ങള്‍, ദൈവത്തിന്റെ സ്വന്തം നാടിന്റെ തെയ്യങ്ങള്‍, ദൈവത്തിന്റെ വികൃതികള്‍ എന്നീ തെയ്യം കഥകള്‍ വിദേശ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷകമാക്കാന്‍ സഹായിച്ചിട്ടുണ്ട്.
പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത പഞ്ചലോഹ ശില്‍പ്പവും, 11,111 രൂപയും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഫെബ്രുവരി – രണ്ടിന് വൈകീട്ട് നാലിന് കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ വെച്ച് ചേരുന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരന്‍ എം.എന്‍. കാരശ്ശേരി അവാര്‍ഡുകള്‍ സമ്മാനിക്കും.
പുരസ്‌കാര പ്രഖ്യാപന ചടങ്ങില്‍ പാഠശാല ചെയര്‍മാന്‍ ചന്ദ്രന്‍ മുട്ടത്ത്, പ്രോഗ്രാം ഓഫീസര്‍ വത്സന്‍ പിലിക്കോട്, ജന.കണ്‍വീനര്‍ സജീവന്‍ വെങ്ങാട്ട്, വര്‍ക്കിംഗ് കണ്‍വീനര്‍ സുനില്‍കുമാര്‍ മനിയേരി എന്നിവര്‍ പങ്കെടുത്തു.
ചന്ദ്രന്‍ മുട്ടത്ത്
ചെയര്‍മാന്‍ ഫോണ്‍: 9447646388
സജീവന്‍ വെങ്ങാട്ട്
ജന. കണ്‍വീനര്‍
ഫോണ്‍: 9495644275
നാടന്‍ കലാപാഠശാല