
ഇടയിലെക്കാട് കാവിലെ വാനരർക്ക് ഗംഭീര ഓണ സദ്യ.നവോദയ ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിലാണ് അവിട്ടം നാളിൽ ഓണസദ്യ സംഘടിപ്പിച്ചത്.
ഇടയിലെക്കാട് കാവിലെ വാനരർക്ക് ഗംഭീര ഓണ സദ്യ.നവോദയ ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിലാണ് അവിട്ടം നാളിൽ ഓണസദ്യ സംഘടിപ്പിച്ചത്.
പഴങ്ങളും പച്ചക്കറികളും ഉപ്പു ചേർക്കാത്ത ചോറുമുൾപ്പെടെ 17 വിഭവങ്ങളാണ് സദ്യയിൽ വിളമ്പിയത്. വാനരർക്ക് 20 വർഷക്കാലം ചോറുവിളമ്പിയ ചാലിൽ മാണിക്കമ്മയുടെ അസാന്നിധ്യത്തിലായിരുന്നു ഇത്തവണ പതിനേഴാം വർഷത്തെ സദ്യ വിളമ്പൽ. അസുഖം മൂലം കിടപ്പിലായ മാണിക്കമ്മയുടെ വീട്ടിൽ വെച്ച് സദ്യയ്ക്കുള്ള ചോറ് കുട്ടിപ്പടയ്ക്ക് കൈമാറി. തുടർന്ന് കുട്ടികൾ വിഭവങ്ങളേന്തി, ഓണപ്പാട്ടുകൾ പാടി കാവിലേക്ക്.നേരത്തെ തന്നെ കുട്ടികളെയും കാത്ത് വാനരപ്പട സദ്യയ്ക്ക് നിരത്തി ഡസ്ക്കുകളിൽ തയാറായി നിന്നിരുന്നു.
പപ്പായ, കക്കിരി, വെള്ളരി, സപ്പോട്ട, പേരയ്ക്ക, പാഷൻ ഫ്രൂട്ട്, സീതാപ്പഴം, മാങ്ങ, ക്യാരറ്റ്, തണ്ണിമത്തൻ, ബീറ്റ്റൂട്ട്, തക്കാളി, കൈതച്ചക്ക, ഉറുമാൻ പഴം, നേന്ത്രപ്പഴം,നെല്ലിക്ക എന്നിവയും ഉപ്പു ചേർക്കാത്ത ചോറുമായിരുന്നു പതിനേഴ് വിഭവങ്ങളായി വാഴയിലയിൽ നിരത്തിയത്. ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് സ്റ്റീൽ ഗ്ലാസിൽ തന്നെ വെള്ളവും നൽകി. ഇടയിലെക്കാട് കാവിനടുത്ത റോഡരികിൽ ഡസ്ക്കുകളും കസേരകളും നിരത്തിയായിരുന്നു ഇരിപ്പിടത്തിനും സദ്യ വിളമ്പാനും സൗകര്യമൊരുക്കിയത്.