
പുതുമഴയിൽ പൂവോടു കൂടി പ്രത്യക്ഷപ്പെട്ട് വർഷത്തിൽ ആറു മാസം മാത്രം ജീവിച്ച് മണ്ണിലേക്ക് മടങ്ങുകയും ചെയ്യുന്ന അപൂർവ സസ്യം.ഒരില മാത്രമുള്ള ജീവിതചക്രം പൂർത്തിയാക്കി അടുത്ത ആറു മാസം മണ്ണിനടിയിൽ കിഴങ്ങിനെ ഭദ്രമായി ഒളിപ്പിച്ചു വെക്കുകയും ചെയ്യുന്ന സസ്യത്തിൻ്റെ ജീവിതചക്രം കുരുന്നുകൾക്ക് കൗതുകക്കാഴ്ചയായി. ഇടയിലെക്കാട് കാവിൽ ഇടയിലെക്കാട് നവോദയ വായനശാല ആൻ്റ് ഗ്രന്ഥാലയം ബാലവേദി സംഘടിപ്പിച്ച ഓരിലത്താമര നിരീക്ഷണമാണ് കുട്ടികളിൽ പുതിയ അറിവിൻ്റെയും തിരിച്ചറിവിൻ്റെയും പാഠങ്ങൾ പകർന്നു തന്നത്.
തൃക്കരിപ്പൂർ: പുതുമഴയിൽ പൂവോടു കൂടി പ്രത്യക്ഷപ്പെട്ട് വർഷത്തിൽ ആറു മാസം മാത്രം ജീവിച്ച് മണ്ണിലേക്ക് മടങ്ങുകയും ചെയ്യുന്ന അപൂർവ സസ്യം.ഒരില മാത്രമുള്ള ജീവിതചക്രം പൂർത്തിയാക്കി അടുത്ത ആറു മാസം മണ്ണിനടിയിൽ കിഴങ്ങിനെ ഭദ്രമായി ഒളിപ്പിച്ചു വെക്കുകയും ചെയ്യുന്ന സസ്യത്തിൻ്റെ ജീവിതചക്രം കുരുന്നുകൾക്ക് കൗതുകക്കാഴ്ചയായി.
ഇടയിലെക്കാട് കാവിൽ ഇടയിലെക്കാട് നവോദയ വായനശാല ആൻ്റ് ഗ്രന്ഥാലയം ബാലവേദി സംഘടിപ്പിച്ച ഓരിലത്താമര നിരീക്ഷണമാണ് കുട്ടികളിൽ പുതിയ അറിവിൻ്റെയും തിരിച്ചറിവിൻ്റെയും പാഠങ്ങൾ പകർന്നു തന്നത്.
കേരളത്തിലെ കാവുകളിലും മറ്റും അപൂർവമായി കാണപ്പെടുന്ന ഓരിലത്താമരയെന്ന സസ്യത്തിൻ്റെ രണ്ടിനങ്ങളുള്ള കാവാണ് ഇടയിലെക്കാട്ടിലെ പതിനഞ്ച് ഏക്കർ വിസ്തൃതിയുള്ള കാവ്.നെർവീലിയ പ്രൈനിയാന, നെർവീലിയ ഇൻഫുണ്ടി ബൈഫോളിയ എന്നിവയാണ് ഈ രണ്ടിനങ്ങൾ. ശരാശരി അഞ്ച് സെൻ്റിമീറ്റർ വ്യാസമുള്ള താമര ഇലയോട് സാദൃശ്യമുള്ള ഇലയുള്ള നിലം പറ്റി വളരുന്ന ഒരു തരം നില ഓർക്കിഡ് ആണിത്. മണ്ണിനടിയിൽ വളരുന്ന മുത്തങ്ങയുടെ വലിപ്പത്തിലുള്ള ചെറിയ തരം കിഴങ്ങിൽ നിന്നാണ് പുതിയ സസ്യങ്ങൾ മഴയുടെ തുടക്കത്തിൽ മുളച്ചു വരിക. നേർത്ത തണ്ടിൻ്റെ അറ്റത്ത് കാണപ്പെടുന്ന ഇളം പിങ്ക് നിറത്തിലുള്ള പൂവിൻ്റെ ആയുസ്സ് ഒരാഴ്ചക്കാലമേ നീളൂ.
പിന്നീടാണ് സസ്യത്തിൻ്റെ പ്രധാന ഭാഗമായ ഒരില പ്രത്യക്ഷപ്പെട്ട് നവംബർ മാസത്തോടെ മണ്ണിലേക്ക് തിരിച്ചു പോവുക. വൃക്ക ,ത്വക് രോഗങ്ങൾക്കുള്ള പ്രധാനപ്പെട്ട ഔഷധമായി ഇതിൻ്റെ കിഴങ്ങ് പഴയകാലത്ത് പാരമ്പര്യ വൈദ്യൻമാർ ഉപയോഗിച്ചു വന്നിരുന്നു. ഓരിലത്താമരകളുടെ എണ്ണം കുറഞ്ഞതോടെ ഇന്ന് ഔഷധത്തിന് ഉപയോഗിക്കാനും പറ്റാറില്ല.
കാവിൻ്റെ മൂന്നു ഭാഗങ്ങളിലായി കാണപ്പെട്ടിരുന്ന ഈ സസ്യത്തെ കുട്ടികൾ ഇത്തവണ നിരീക്ഷിച്ചപ്പോൾ ഒരു ഭാഗത്തു മാത്രമാണ് എണ്ണം കുറഞ്ഞ നിലയിൽ കാണപ്പെട്ടത്. ഇലയുടെ വലിപ്പത്തിലും കുറവുണ്ട്.കാലാവസ്ഥ വ്യതിയാനത്തിൽ അതിശക്തമായ മഴയിൽ കാവിനകത്ത് വെള്ളം കെട്ടി നിൽക്കുന്നതാകാം ഇതിനു കാരണമെന്ന് അനുമാനിക്കപ്പെട്ടു.
നിരീക്ഷണത്തിന് ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയും പരിസ്ഥിതി പ്രവർത്തകനുമായ പി വേണുഗോപാലൻ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവും പരിസ്ഥിതി ഡോക്യുമെൻ്ററി സംവിധായകനുമായ കൃഷ്ണദാസ് പലേരി എന്നിവർ നേതൃത്വം നൽകി.ഗ്രന്ഥാലയം പ്രസിഡൻ്റ് കെ സത്യവ്രതൻ, കെ വി രമണി, സി ജലജ, പി വി സുരേശൻ, എം പ്രമോദ്, കെ പി ഗിരിജ എന്നിവർ സംസാരിച്ചു.
ഫോട്ടോ: ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദി പ്രവർത്തകർ ഓരിലത്താമരയെ നിരീക്ഷിക്കുന്നു