
ഇത് പുസ്തക ശേഖരണ വഴിയിലെ അത്ഭുതം, പുതുചരിത്രം ….. വായനശാലയില്ലാത്ത പറമ്പ ഗ്രാമത്തിലേക്ക് ഒമ്പത് ദിവസം കൊണ്ട് 1500 ഓളം പുസ്തകങ്ങളെത്തി!
ഇത് പുസ്തക ശേഖരണ വഴിയിലെ അത്ഭുതം, പുതുചരിത്രം ….. വായനശാലയില്ലാത്ത പറമ്പ ഗ്രാമത്തിലേക്ക് ഒമ്പത് ദിവസം കൊണ്ട് 1500 ഓളം പുസ്തകങ്ങളെത്തി!
വായനശാലയില്ലാ വെസ്റ്റ് എളേരി പഞ്ചായത്തിലെ 9, 10 വാർഡുകളിലെ പറമ്പ ഗ്രാമത്തിൻ വായനശാല ഒരുക്കുന്നതിനായി നടക്കുന്ന കൂട്ടായ ശ്രമം സാംസ്കാരിക കേരളത്തിലെ പുതുചരിത്രമായി മാറുന്നു. സമഗ്ര ശിക്ഷാ കേരളം കാസർഗോഡ് ചിറ്റാരിക്കൽ BRC, കാസർഗോഡ് ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെ നടത്തുന്ന വൈവിധ്യ പദ്ധതിയുടെ ഭാഗമായാണ് വായനശാല ഒരുക്കുന്ന പ്രവർത്തനം നടക്കുന്നത്. ഒരു മാസം കൊണ്ടായിരം പുസ്തകം ശേഖരിക്കാനാണ് തീരുമാനിച്ചത് .
പുസ്തക ശേഖരണ ഉദ്ഘാടനം ഫിബ്രവരി 3 ന് പറമ്പ സ്കൂളിൽ വെച്ച് നടത്താനും തീരുമാനിച്ചു. ജനവരി 26 ന് കൊടക്കാട് വെൽഫയർ സ്കൂൾ HM ശ്രീ ജയദീപിൽ നിന്ന് ആദ്യ പുസ്തകം ഏറ്റുവാങ്ങി. പിന്നീട് അഭൂതപൂർവമായ സഹകരണമാണ് പൊതു സമൂഹം നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെ ഈ പ്രവർത്തനത്തെക്കുറിച്ചറിഞ്ഞവർ നേരിട്ടും അല്ലാതെയും പുസ്തകങ്ങൾ നൽകി. പലരും വിളിച്ച് പ്രവർത്തനത്തെ അഭിനന്ദിച്ചു. നാടിൻ്റെ നാനാഭാഗത്തു നിന്നും പുസ്തകങ്ങളും ധനസഹായവും ഫർണിച്ചറും ഒഴുകിയെത്തി.
പുസ്തകപ്പൂമഴ തന്നെ പറമ്പയിൽ പെയ്തു എന്നു പറയാം. തേൻ ശേഖരിക്കുന്നതു പോലെ ഞങ്ങളുടെ പ്രിയപ്പെട്ടവർ പുസ്തകം ശേഖരിച്ചു. കൂട്ടി വെച്ചു. ഒടുവിൽ പുസ്തക ശേഖരണ ഉദ്ഘാടന ദിനം വന്നെത്തി. പറമ്പ സ്കൂളിൽ നടന്ന വൈവിധ്യ കലാസന്ധ്യയിൽ വെച്ച് വാർഡ് മെമ്പർ എം.വി പ്രമോദ് പുസ്തകം ഏറ്റുവാങ്ങൾ ഒരു ചരിത്രം പിറക്കുകയായിരുന്നു. ലഭിച്ചത് 9 ദിനങ്ങൾ ! ലഭിച്ച പുസ്തകങ്ങൾ എണ്ണിനോക്കിയപ്പോൾ 1400 ലധികം പുസ്തകങ്ങൾ! ജനപ്രതിനിധികളും BRC പ്രവർത്തകരും നാട്ടുകാരും മുന്നിൽ നിന്ന് പ്രവർത്തിച്ചു.ഷെൽഫും മേശയും പതിനേഴോളം കസേരകളും ലഭിച്ചു. വെസ്റ്റ് എളേരി പഞ്ചായത്തും പരപ്പ ബ്ലോക് പഞ്ചായത്തും വലിയ സഹകരണമാണ് ഈ പരിപാടിക്ക് നൽകുന്നത്. ജി.എൻ പി സ്കൂൾ പറമ്പയിൽ നടന്ന പരിപാടിയിൽ പരപ്പ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി ആദ്യ പുസ്തകം നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ്, പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മോഹൻ , വാർഡ് മെമ്പർ ഓമന കുഞ്ഞിക്കണ്ണൻ ചിറ്റാരിക്കൽ AEO രത്നാകരൻ ,BPC സുബ്രഹ്മണ്യൻ വി.വി.
SSK പോഗ്രാം ഓഫീസർ രഞ്ജിത് KP , കാസർഗോഡ് ഡയറ്റ് ഫാക്കൽറ്റി വിനോദ്കുമാർ കുട്ടമത്ത് തുടങ്ങിയവർ ചടങ്ങിൽ പുസ്തകം സമർപ്പിച്ചു. ചടങ്ങിൽ ധാരാളം കുട്ടികളും രക്ഷിതാക്കളും പുസ്തകം സമർപ്പിച്ചു. ഇപ്പഴും പുസ്തക ശേഖരണയജ്ഞം നടന്നു കൊണ്ടിരിക്കുന്നു പുസ്തകം നൽകാനാഗ്രഹിക്കുന്നവർ വിളിക്കേണ്ട നമ്പർ 9447547018 – സുബ്രഹ്മണ്യൻ വി.വി. BPC ചിറ്റാരിക്കൻ