
സുറാബ്,സ്വാതന്ത്ര്യം എന്ന ആശയത്തെ ഉയർത്തിപ്പിടിച്ച എഴുത്തുകാരൻ* -ഡോ.എ.എം ശ്രീധരൻ
*സുറാബ്,സ്വാതന്ത്ര്യം എന്ന ആശയത്തെ ഉയർത്തിപ്പിടിച്ച എഴുത്തുകാരൻ*
-ഡോ.എ.എം ശ്രീധരൻ
/
സർവ്വകലാശാലയുടെ അക്കാദമിക വൈവിധ്യവും, പുതിയ കാലത്തെക്കുറിച്ചുള്ള സൂക്ഷ്മ രാഷ്ട്രീയത്തിൻ്റെ ആഖ്യാനവും, സർവ്വകലാശാലയുടെ ഭാവ ഭദ്രതയുമാണ്, സുറാബിൻ്റെ രചനകൾ. സ്വാതന്ത്ര്യം എന്ന ആശയത്തെ, കേകയും, കാകളിയും, ശാർദ്ദൂലവിക്രീഡിതത്തിൻ്റെയും വൃത്തത്തിലൊതുക്കാതെ, സമൂഹത്തിലെ ബഹിഷ്കരിക്കപ്പെട്ടവരുടെ ജീവിതത്തെ അടയാളപ്പെടുത്തുകയാണ്, സുറാബ് ചെയ്യുന്നത്.നീണ്ട നാല്പത് വർഷത്തെ പ്രവാസ ജീവിതത്തിലെ അനുഭവങ്ങളെ, തൻ്റെ ജന്മനാടായ നീലേശ്വരത്തോടൊപ്പം ചേർത്ത് സുറാബ് പലതും തുന്നിച്ചേർത്തു. നാടോടി വിജ്ഞാനീയവും, സ്ത്രീപക്ഷ സമീപനവും, ദളിത് ബോധവും, പരിസ്ഥിതി വിഷയങ്ങളും അതിൽപ്പെടും.. ജീവിത സാഹചര്യങ്ങളിൽ കണ്ടുമുട്ടിയവ പകർത്തിയെടുക്കുകയായിരുന്നു സുറാബ്. സഹൃദയ ബോധമില്ലാത്ത, വെറും അക്കാദമികമായ ലോകത്ത്, സാധാരണക്കാരിൽ നിന്നും അകന്നുപോയിക്കൊണ്ടിരിക്കുന്ന എഴുത്തുകാർക്ക് അപവാദമാണ് സുറാബെന്ന്,
സുറാബിൻ്റെ “എൻ്റെ കവിതകൾ” എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനം പള്ളിക്കര ബീച്ചിൽ നടത്തിക്കൊണ്ട് ഡോ.എ.എം.ശ്രീധരൻ പറഞ്ഞു. എഴുത്തുകാരി സർവ്വമംഗള പുണിഞ്ചിത്തായ പുസ്തക സ്വികരണം നടത്തി. തുടർന്ന് അവർ
സുറാബിൻ്റെ മൂന്ന് കവിതകൾ കന്നട, തുളു, ഹിന്ദി ഭാഷയിൽ ചൊല്ലി.
രതീഷ് പിലിക്കോട് പുസ്തക പരിചയം നടത്തി.
പള്ളിക്കര സാംസ്കാരിക കൂട്ടായ്മയുടെ ചെയർമാൻ പി.കെ.അബ്ദുള്ള അധ്യക്ഷത വഹിച്ചു. കവി ഉണ്ണികൃഷ്ണൻ അണിഞ്ഞ, എം.എച്ച് ഹാരിസ്, ഏറുംപുറം മുഹമ്മദ്, ഹാഫിൽ എന്നിവർ സംസാരിച്ചു. ഗ്രന്ഥകർത്താവ് സുറാബ് കവിതാനുഭവം പങ്കുവെച്ചു.
പി.സുധാകരൻ സ്വാഗതവും, എൻ.വി.ഗോപാലൻ നന്ദിയും പറഞ്ഞു. സാംസ്കാരിക കൂട്ടായ്മ പളളിക്കരയാണ് പരിപാടി സംഘടിപ്പിച്ചത്.
ഇരുന്നൂറ്റിയെഴുപതിയേഴ് കവിതകളുടെ സമാഹാരമാണ് വി.സി.ശ്രീജൻ്റ പഠനം ചേർത്തുള്ള ഗ്രീൻ ബുക്സ്പ്രസിദ്ധീകരിച്ച സുറാബിൻ്റെ പുസ്തകം.
മഞ്ചേശ്വരം മുതൽ തൃക്കരിപ്പൂർ വരെ ഇരുപത് കേന്ദ്രങ്ങളിൽ ജനുവരി ഒന്നുവരെ പ്രകാശനവും, ചർച്ചയും നടക്കും.