എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ നേടിയ വിജയം തിളക്കമേറിയതാണെന്ന് മന്ത്രി കെ രാധാകൃഷ്ണന്
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ നേടിയ വിജയം തിളക്കമേറിയതാണെന്ന് മന്ത്രി കെ രാധാകൃഷ്ണന്
കോവിഡ്് പ്രതിസന്ധി അതിജീവിച്ച് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ നേടിയ വിജയം തിളക്കമേറിയതാണെന്ന് ദേവസ്വം, പട്ടികജാതി ക്ഷേമ, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്. കാസര്‍കോട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സ്കൂളുകളെ അനുമോദിക്കുന്ന വിജയഭേരി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോവിഡ് പ്രതിസന്ധി കാലത്ത് സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനം മികച്ച രീതിയില്‍ നടന്നു. ഡിജിറ്റല്‍ വിദ്യാഭ്യാസമാണ് വിദ്യാഭ്യാസരംഗത്തിന്റെ ഭാവി. അതിനായി ഡിജിറ്റല്‍ വിദ്യാഭ്യാസം വ്യാപകമാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം ഡിജിറ്റല്‍ കണക്ടിവിറ്റിയാണ്. അതിനായി വലിയതോതിലുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തിവരുന്നു. പഠനരംഗത്ത് പിന്നോക്കം നില്ക്കുന്ന ആദിവാസി മേഖലകളില്‍ കണക്ട്റ്റിവിറ്റി എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ 1100 ആദിവാസി കേന്ദ്രങ്ങളില്‍ കണക്ട്റ്റിവിറ്റി എത്തിച്ചുകഴിഞ്ഞു. 100 കേന്ദ്രങ്ങളില്‍ കൂടി എത്തിച്ചാല്‍ ആദിവാസി മേഖലകളില്‍ നൂറു ശതമാനം കണക്ടിവിറ്റി എത്തിക്കുന്ന സംസ്ഥാനമായി കേരളം മാറും. 4.5 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. സമ്പൂര്‍ണ ഡിജിറ്റല്‍ സക്ഷരത കൈവരിച്ച സംസ്ഥാനമായി മാറുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നു.
അതോടൊപ്പം പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനും സര്‍ക്കാര്‍ പ്രാമുഖ്യം നല്കുന്നു. കാസര്‍കോട്, വയനാട് ജില്ലകളില്‍ ആവശ്യമുള്ള സര്‍ക്കാര്‍ സ്ക്കൂളുകളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ഇടപെടലുകള്‍ നടത്തും. ഭൗതികസൗകര്യവികസന രംഗത്ത് പണം കണ്ടെത്തണം. സ്ഥാപനങ്ങളുടെ സി എസ് ആര് ഫണ്ട് ഇതിനായി വിനിയോഗിക്കാം. സ്കൂളുകളിലെ ഭൗതിക സാഹചര്യത്തില്‍ ഏറെ പുരോഗതി നേടിയിട്ടുണ്ട്. സര്‍ക്കാര്‍ സ്കൂളുകളിലേക്ക് കുട്ടികള്‍ തിരിച്ചെത്തിയതോടെ കുട്ടികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. അതിനനുസരിച്ച് സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തും. അധ്യാപകര്‍ സ്വന്തം മക്കളെ അവര്‍ പഠിപ്പിക്കുന്ന പൊതു വിദ്യാലയത്തില്‍ അയക്കണം. എല്ലാ ജീവിത സൂചികയിലും ഇന്ത്യയിലും കേരളം ഒന്നാമതാണ്. അതിദരിദ്രരില്ലാത്തവരുടെ നാടായി കേരളം മാറണം. വിശപ്പ് രഹിതമാകണം നമ്മുടെ നാട്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും അറിവും അധികാരവും ലഭിക്കുന്നതിന് സാവിത്രി ഭായി ഫൂലെ നടത്തിയ പോരാട്ടം ധീരോജ്ജ്വലമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അധ്യയന വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകളെയും ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ ആദ്യത്തെ 10 സ്കൂളുകളെയും ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ഉയര്‍ന്ന വിജയ ശതമാനം നേടിയ സ്കൂളുകളെയും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ കൂടുതല്‍ എപ്ലസ് കരസ്ഥമാക്കിയ സ്കൂളുകളെയും ചടങ്ങില്‍ അനുമോദിച്ചു. ഹയര്‍ സെക്കന്ററി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ ബല്ല ഈസ്റ്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്ഥത്ഥിനി അനശ്വര വിശാലിനെയും ചടങ്ങില്‍ ആദരിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന് അധ്യക്ഷയായി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി പുഷ്പ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ സ്കൂളുകളെ ആദരിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അഡ്വ. എസ് എന്‍ സരിത സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രദീപന് നന്ദിയും പറഞ്ഞു. പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ കെ.ശകുന്തള, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് ഷിനോജ് ചാക്കോ, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.രഘുറാമഭട്ട്, ഹയര്‍ സെക്കന്ററി അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ശശികുമാര്‍, കാസര്‍കോട് ഡിഇഒ എം സുരേഷ്കുമാര്‍, കാഞ്ഞങ്ങാട് ഡിഇഒ എന്‍ നന്ദികേശ്, എസ്എസ്കെ ജില്ലാ കോര്‍ഡിനേറ്റര്‍ പി രവീന്ദ്രന്, കുഞ്ചത്തൂര്‍ വിഎച്ച്എസ്ഇ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശിശുപാലന്,കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ എംപി രാജേഷ്, അധ്യാപകര്‍, പിടിഎ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.