
ചീമേനി മുണ്ട്യ കളിയാട്ടം തുടങ്ങി..ഫെസ്റ്റ് നഗരിയിൽ തിരക്കേറി*
*ചീമേനി മുണ്ട്യ കളിയാട്ടം തുടങ്ങി..ഫെസ്റ്റ് നഗരിയിൽ തിരക്കേറി*


ചീമേനി: മെയ് അഞ്ചിന് ചീമേനി മുണ്ട്യ കളിയാട്ടം തുടങ്ങിയതോടെ രണ്ടു നാൾ മുമ്പ് ആരംഭിച്ച ചീമേനി ഫെസ്റ്റിൽ തിരക്കേറി. ചീമേനി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഗെയിറ്റിന് തൊട്ടു വടക്ക് ചീമേനി – പൊതാവൂർ റോഡിൽ പ്രത്യേകം തയ്യാറാക്കിയ നയനമനോഹരമായ കവാടത്തിലൂടെയാണ് ഫെസ്റ്റ് നഗരിയിലേ ക്കുള്ള പ്രവേശനം. അകത്തുകടന്നാൽ സെൽഫി പോയിന്റിൽ നിന്ന് ഫോട്ടോയെടുത്ത് മഴയിൽ കുളിച്ചുനിൽക്കുന്ന മാലിദ്വീപിലെ പാലവും കടന്ന്, ഗോസ്റ്റ്ഹൗസ് വഴി വ്യാപാര – വിപണന സ്റ്റാളുകളിലും രുചി വൈവിധ്യങ്ങളുടെ ഫുഡ്കോർട്ടിലുമെത്താം.തുടർന്നങ്ങോട്ട് കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ നിരവധി അമ്യൂസ്മെന്റ് റൈഡുകൾക്കൊപ്പം മുതിർന്നവർക്കും കുട്ടി കൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന മരണക്കിണർ , ആകാശയൂഞ്ഞാൽ, ബ്രെയ്ക്ക്ഡാൻസ് , ജയന്റ് വീൽ തുടങ്ങിയവയും വിശാലമായ ഗ്രൗണ്ടിനകത്ത് ആകർഷകമായ രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്.
എല്ലാ ദിവസവും രാത്രി 9 മണി മുതൽ വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളും ഉണ്ടാകും.ഫെസ്റ്റിന്റെ മൂന്നാം ദിവസം കണ്ണൂർ അത്താഴക്കുന്ന് സൗപർണ്ണിക കലാവേദി അവതരിപ്പിച്ച നാട്ടരങ്ങ് കാഴ്ചയുടെ മഹാപൂരമായി മാറി. ഇമ്പമേറിയ നാട്ടറിവ് പാട്ടുകൾക്കൊപ്പം അരങ്ങേറിയ കോതാമൂരിക്കളി, മയിലാട്ടം, പരുന്താട്ടം, തിറയാട്ടം തുടങ്ങിയവ ആസ്വാദകരുടെ മനം കവർന്നു.
ഫ്ലവേഴ്സ് ടോപ്പ്സിംഗറിലൂടെ കുടംബപ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച കുട്ടിപ്പാട്ടുകാരൻ തേജസ് നയിക്കുന്ന കാലിക്കറ്റ് മില്ലേനിയം വോയ്സിന്റെ ഗാനമേളയാണ് ഫെസ്റ്റിന്റെ നാലാം ദിനമായ ഇന്നത്തെ ഹൈലൈറ്റ്.










