മഴയവധികൾ സക്രിയമാക്കുന്ന പഠനവഴികളുമായി ഉദിനൂർ സെൻട്രൽ സ്കൂൾ
മഴയവധികൾ സക്രിയമാക്കുന്ന പഠനവഴികളുമായി ഉദിനൂർ സെൻട്രൽ സ്കൂൾ
തുടർച്ചയായി ലഭിച്ച മഴയവധികളെ നൂതനങ്ങളായ പഠനപ്രവർത്തനങ്ങളിലൂടെ സക്രിയമായ്ക്കുകയാണ് ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിലെ വിദ്യാർത്ഥികൾ. വിവിധ വിഷയങ്ങളിലെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ അധ്യാപകരുടെ നിർദ്ദേശങ്ങൾക്കനുസൃതമായി നിറഞ്ഞ മനസോടെ ഏറ്റെടുക്കുകയാണ് കുട്ടികൾ. രക്ഷിതാക്കളുടെ
സഹായത്തോടെയും അല്ലാതെയും കുട്ടികൾ ചെയ്ത പ്രവർത്തനങ്ങളിൽ പലതും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും സ്ഥാനം പിടിച്ചു. വയനാട് ദുരന്തത്തിന്റെ അലയൊലികളും കുട്ടികളുടെ രചനകളിൽ കാണാം. ഏഴാം തരം ബി ക്ലാസിലെ ദിയ വി എഴുതിയ കവിത കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രശംസ പിടിച്ചു പറ്റി. ഒന്നാം തരം എ ക്ലാസിലെ ദേവ്ന സന്ദീപ് അമ്മ അഞ്ജലി പി വി എഴുതിയ പ്രണാമം എന്ന കവിത ആലപിച്ചുകൊണ്ടാണ് വയനാട് രക്ഷാപ്രവർത്തനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. മറ്റു വിഷയങ്ങളുടെ പ്രവർത്തനങ്ങളും കുട്ടികൾ ഏറ്റെടുത്തുകഴിഞ്ഞു.