
കുട്ടികൾക്ക് ആവേശമായി ഉച്ചയൂണിന് കൂട്ടായി എം.എൽഎ
നിലേശ്വരം : കുട്ടികൾക്ക് ആവേശമായി ഉച്ചയൂണിന് കൂട്ടായി എം.എൽഎ
നീലേശ്വരം ജി.എൽ.പി.സ്കൂളിന്റെ ഹൈടെക്ക് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനം നേരിട്ട് വിലയിരുത്തുന്നതിന് മുൻസിപ്പൽ അധികാരികൾക്കും നിർമ്മിതി കേന്ദത്തിന്റെ അധികാരികൾക്കുമൊപ്പം ശ്രീ എം.രാജഗോപാലൻ എം.എൽ.എ എത്തി.നീലേശ്വരത്തിൻ്റെ ഹൃദയഭാഗത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പൊതു വിദ്യാലയമായ ജി എൽ പി സ്ക്കൂൾ കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനത്തിലെ കാലതാമസം അവസാനിപ്പിച്ച് രണ്ട് മാസത്തിനകം പൂർത്തീകരിച്ച് കുട്ടികൾക്ക് വിട്ട് കൊടുക്കാനാവശ്യമായ നിർദേശങ്ങൾ നല്കി. അതിനൊപ്പം ഇപ്പോൾ ക്ലാസ് നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്ത് എത്തുകയും അവിടത്തെ ശോച്യാവസ്ഥ നേരിട്ട് മനസിലാക്കുകയും വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണം വിളമ്പി കൊടുത്ത് അവരോടൊപ്പം ഭക്ഷണം കഴിച്ച് കുശലം പറഞ്ഞ് കൂടെ കൂടിയപ്പോൾ കുട്ടികൾ ആവേശഭരിതമായി മാറി. എം.എൽ.എ യോടൊപ്പം നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത , മരാമത്ത് സ്ഥിരം സമിതി അദ്ധ്യഷൻ കെ.പി.രവീന്ദ്രൻ ,വാർഡ് കൗൺസിലർ പി.ബിന്ദു , കാസർഗോഡ് വികസന പാക്കേജ് സ്പെഷൽ ഓഫീസർ ഇ.പി. രാജ്മോഹൻ ,നിർമ്മിതി കേന്ദ്രം പ്രൊജക്ട് എഞ്ചിനീയർ സജിത് സ്കൂൾ പ്രധാന അധ്യാപിക ഗീത ടീച്ചർ, പി.ടി.എ പ്രസിഡണ്ട് പി.കെ.രതീഷ് എന്നിവരും ഉണ്ടായിരുന്നു.