
വരയറിഞ്ഞ് നിറമറിഞ്ഞ് വരയാട്ടം ചിത്രരചന ക്യാമ്പ്
വരയറിഞ്ഞ് നിറമറിഞ്ഞ്
വരയാട്ടം ചിത്രരചന ക്യാമ്പ്

കളിചിരികൾക്കിടയിൽ ചായക്കൂട്ടുകളാൽ ചിത്രരൂപങ്ങളൊരുക്കി ദർപ്പണം കലാ കേന്ദ്രയുടെ വരയാട്ടം ദ്വിദിന ജില്ലാതല ചിത്രകലാ ക്യാമ്പ് പുല്ലൂർ യു.പി. സ്കൂളിൽ തുടക്കമായി. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിവിധ കലകളിൽ അഭിരമിച്ച് കല തന്നെ ലഹരിയായി കരുതി ജീവിതത്തിൻ്റെ വഴികളിൽ മുന്നേറി മറ്റ് രാസലഹരികളിൽ നിന്നും മാറി നിൽക്കണമെന്ന് വരയാട്ടം ചിത്രകലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് കൊണ്ട് ഡോ. വി ബാലകൃഷ്ണൻ പറഞ്ഞു. കലകളിൽ കൂടിയും സർഗ്ഗാത്മക വഴികളിൽ കൂടിയും ജീവിത വഴി തിരിച്ചു വിടാനാകുമെന്നും അതിന് സർഗ്ഗാത്മക ക്യാമ്പുകൾ വഴിയൊരുക്കും അദ്ദേഹം കൂട്ടിച്ചേർത്തു.

പുല്ലൂർ ദർപ്പണം കലാകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ജി.യു.പി സ്കൂൾ പുല്ലൂരിൽ സംഘടിപ്പിച്ച ദ്വിദിന ചിത്രരചനാ ക്യാമ്പിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എൺപതോളം കുട്ടികൾ പങ്കെടുത്തു. ചിത്രകലയുടെ വൈവിധ്യങ്ങളെ കുറിച്ച് വിവിധ പരിശീലന ക്ലാസ്സും, വരയുടെ മാധ്യമം, മരംവര, ബുക്ക് വര, കരിവര തുടങ്ങിയവയും നടന്നു. ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂരാണ് ക്യാമ്പ് ഡയരക്ടർ.

ജി.യു.പി. സ്കൂൾ പ്രഥമാധ്യാപകൻ പി. ജനാർദ്ദനൻ അധ്യക്ഷനായി. മാധ്യമപ്രവർത്തകരായ കെ.ബാബു, ടി.കെ പ്രഭാകരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. രാജേന്ദ്രൻ പുല്ലൂർ, അനിൽ പുളിക്കാൽ, പി. ബാലകൃഷ്ണൻ, ഷാജി എടമുണ്ട, കെ ഷീബ, അനീഷ് ബന്തടുക്ക എന്നിവർ സംസാരിച്ചു.





