
ഡൽഹി പഞ്ചവാദ്യ ട്രസ്റ്റും ചെറുതാഴം കുഞ്ഞിരാമമാരാറും
ഡൽഹി പഞ്ചവാദ്യ ട്രസ്റ്റും ചെറുതാഴം കുഞ്ഞിരാമമാരാറും

പിലാത്തറ –
അര നൂറ്റാണ്ടു കാലമായി വാദ്യരംഗത്ത് നിറസാന്നിധ്യമായ വാദ്യപ്രവീൺ ഡോ. ചെറുതാഴം കുഞ്ഞിരാമ മാരാർ 1985 – ൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കഥകളി കേന്ദ്രത്തിൽ ചെണ്ട അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 37 വർഷത്തെ സേവനത്തിനു ശേഷം പ്രിൻസിപ്പാളായി വിരമിച്ചതിനുശേഷം എക്സിക്യുട്ടീവ് കൺസൾട്ടൻറ്റായി തുടരുന്നു. 14 -ാം വയസ്സിൽ ചെറുകുന്ന് അന്നപൂർണ്ണേശ്വരി കലാ വിദ്യാലയത്തിൽ പഠിച്ച് ക്ഷേത്ര സന്നിധിയിൽ തായമ്പക അരങ്ങേറ്റം കുറിച്ചു കൊണ്ട് വാദ്യകലാരംഗത്തേക്ക് കടന്നുവന്നു. തുടർന്ന് കോട്ടക്കൽ പി എസ് വി നാട്യസംഘത്തിൽ മൂന്ന് വർഷത്തെ ഉപരി പഠനം. 1976 മുതൽ 85 വരെ മട്ടന്നൂർ പഞ്ചവാദ്യസംഘത്തിലും ചെറുകുന്ന് ആസ്തികാലയത്തിലും ചെണ്ട അധ്യാപകനായി ജോലി ചെയ്തു.
കേരളീയ ക്ഷേത്ര വാദ്യകലകളുടെ ഉന്നമനത്തിനും മറ്റു കലകളുടെ പ്രോത്സാഹനത്തിനും വേണ്ടി ആർ.കെ. പുരം അയ്യപ്പ ക്ഷേത്ര സന്നിധിയിൽ വെച്ച് ക്ഷേത്ര കലാവേദി എന്ന സംഘടനക്ക് തുടക്കം കുറിച്ചു.
പ്രസ്തുത സ്ഥാപനമാണ് 2003-ൽ സൊസൈറ്റി രജിസ്ട്രേഷൻ ആക്ട് പ്രകാരം ഡൽഹി പഞ്ചവാദ്യ ട്രസ്റ്റ് എന്ന പേരിൽ ചാരിറ്റബിൾ ട്രസ്റ്റായി ഈസ്റ്റ് ഡൽഹിയിലെ ദിൽഷാദ് കോളനിയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ചത്
ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പഞ്ചവാദ്യ ട്രസ്റ്റിൻ്റെ സ്ഥാപകനും മാനേജിങ്ങ് ട്രസ്റ്റിയുമായ ചെറുതാഴം കുഞ്ഞിരാമ മാരാറുടെ കീഴിൽ ഇന്ത്യയിലും വിദേശങ്ങളിൽ നിന്നുമുള്ള നിരവധി പേരാണ് ഇപ്പോഴും പരിശീലനം നേടിക്കൊണ്ടിരിക്കുന്നത്.
ശില്പശാലകളും സെമിനാറുകളും സോദാഹരണ ക്ലാസുകളും നടത്തി വാദ്യകലയെ ഭൂഖണ്ഡങ്ങൾക്കപ്പുറത്തേക്ക് കൊണ്ടുപോയ അപൂർവ്വ വ്യക്തിത്വമാണ് ചെറുതാഴം കുഞ്ഞിരാമ മാരാർ.
വാദ്യകലയുമായി ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലും ഇരുപത്തിയഞ്ചിലധികം വിദേശരാജ്യങ്ങളിലും സഞ്ചരിച്ച് പരിപാടികൾ അവതരിപ്പിക്കുകയും നേതൃത്വം വഹിക്കുകയും ചെയ്തു.
“തൃശൂർ പൂരം” മാതൃകയിൽ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നടത്തിവരുന്ന “ഡൽഹി പൂര”ത്തിന് തുടക്കം കുറിക്കുകയും അതിന് നേതൃത്വം നൽകുകയും ചെയ്യുന്നു.
സംസ്ഥാനത്തിനകത്തും ഭാരതത്തിലെ ഇതര സംസ്ഥാനങ്ങളിലും രാജ്യത്തിന് വെളിയിലും നിരവധി പുരസ്കാരങ്ങൾക്ക് ചെറുതാഴം കുഞ്ഞിരാമ മാരാർ അർഹനായി.












