വായനാപക്ഷം സമാപനം ഐ വി ദാസ് അനുസ്മരണം (ജൂലൈ 7 )
വായനാപക്ഷം സമാപനം
ഐ വി ദാസ് അനുസ്മരണം (ജൂലൈ 7 )
തൃക്കരിപ്പൂർ:ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണത്തിന് (ജൂലൈ 7 ന് ബുധനാഴ്ച)
സമാപനം. ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ സ്ഥാപക നേതാക്കളിലൊരാളായ പിഎൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ന് ആരംഭിച്ച പക്ഷാചരണം ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് പുതിയ രൂപവും ഭാവവും പകർന്ന ഐ വി ദാസിൻ്റെ ജൻമദിനമായ ജൂലൈ 7 വരെയാണ്. സമാപനത്തിൻ്റെ ഭാഗമായി ഓൺലൈനിൽ ജില്ലയിലെ നാല് താലൂക്ക് കേന്ദ്രങ്ങളിലും മുഴുവൻ ഗ്രന്ഥശാലകളിലും ഐ വി ദാസ് അനുസ്മരണം സംഘടിപ്പിക്കുന്നുണ്ട്.
ഹൊസ്ദുർഗ് താലൂക്ക്തല സമാപനം ചെറുവത്തൂർ കാരിയിൽ പൊതുജന വായനശാലയിൽ ബുധനാഴ്ച വൈകിട്ട് 5 മണിക്ക് നടക്കും.ഇതിൻ്റെ ഭാഗമായി ജില്ലയിലെ തലമുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകനും മുൻ ജില്ലാ പ്രസിഡൻ്റുമായ തൃക്കരിപ്പൂർ മധുരങ്കൈയിലെ പി അമ്പു മാസ്റ്ററെ ആദരിക്കും. സമാപന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി.പ്രഭാകരൻ ഉദ്ഘാടനം ചെയ്യും. കവി സി എം വിനയചന്ദ്രൻ ഐ വി ദാസ് അനുസ്മരണം നടത്തും .
മഞ്ചേശ്വരം താലൂക്ക്തല സമാപനം കുമ്പള ഇ എം എസ് സ്മാരക ഗ്രന്ഥാലയത്തിൽ രാത്രി 7 മണിക്ക് എ കെ എം അഷറഫ് ഉദ്ഘാടനം ചെയ്യും.ജി അംബുജാക്ഷൻ അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. മീനാക്ഷി രാമചന്ദ്രൻ മുഖ്യാതിഥിയായിരിക്കും.
കാസർകോട് താലൂക്ക് തല സമാപനം കാടകം പി ജി ഗ്രന്ഥാലയത്തിൽ രാത്രി 7 മണിക്ക് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിജി മാത്യു ഉദ്ഘാടനം ചെയ്യും.പി ദാമോദരൻ മുഖ്യാതിഥിയായിരിക്കും.ഇ ജനാർദനൻ അനുസ്മരണ പ്രഭാഷണം നടത്തും.വെള്ളരിക്കുണ്ട് താലൂക്ക്തല സമാപനം കോളംകുളം ഇ എം എസ് സ്മാരക വായനശാലയിൽ വൈകിട്ട് 4 മണിക്ക് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ഡോ. പി പ്രഭാകരൻ അനുസ്മരണം നടത്തും.